ഓർമയൂണ്
ഒ രുപാട് നാളുകൾക്കു മുൻപ് ഒരു ഞായറാഴ്ച്ച ഞാനൊരു പൊതിച്ചോറുണ്ടു. എന്റെ ഓർമയിലെ ഏറ്റവും സ്വാദുള്ള ഊണ്. അമ്മയുടെ കുടുംബവീട് അടച്ചിട്ടിരിക്കയാണ്. ഞങ്ങൾ അവകാശികൾ ജീവിതം കരുപ്പിടിപ്പിക്കാൻ ആറ്റിങ്ങൽ താമസമാക്കി. അന്നൊക്കെ ഇടയ്ക്കിടയ്ക്ക് ഞങ്ങൾ അഞ്ചാളും (അച്ഛനും അമ്മയും ഞങ്ങൾ മൂന്ന് മക്കളും) കൂടി ഇറങ്ങും, വീടടിച്ചു വാരി വൃത്തിയാക്കാൻ. കാരേറ്റ് കട്ടയ്ക്കാൽ ആണ് വീട്. വയലും പുഴയും നിരപ്പല്ലാത്ത ഇടവഴികളും റബ്ബർ മരങ്ങളിൽ ഒളിച്ചിരുന്ന് ബഹളം വയ്ക്കുന്ന വവ്വാല്കളും ഉള്ള നാടിന് എന്റെ മനസ്സിൽ കളിമണ്ണിന്റെ മണമാണ്. അന്ന് കാറൊന്നുമില്ല. കബീർ എന്ന പച്ച ബസ്സിലാണ് പോകുന്നത്. പെട്ടിപ്പുറത്തു സീറ്റ് കിട്ടണേന്ന് പ്രാർത്ഥിച്ചാണ് ഞാൻ എന്നും ബസ്സിൽ കയറാറ്. അന്നത്തെ കൈയ്യെത്തിപ്പിടിക്കാവുന്ന ഏക adventure. ബസ്സിറങ്ങി വേരുകൾ വളർന്ന് പടികൾ രൂപപ്പെട്ട ഇറക്കം ഇറങ്ങി വീടെത്തുമ്പോൾ കുലച്ചു കിടക്കുന്ന ചാമ്പയ്ക്കകൾ കാണാം. വന്നയുടനെ അമ്മയും അച്ഛനും വീടിനു ചുറ്റും ഒന്ന് നടക്കും. ചാമ്പയ്‌ക്ക കടിച്ചു കൊണ്ട് വാല് പോലെ ഞങ്ങളും. ചാമ്പ മരത്തോട് ചേർന്ന് ഒരു കിണറുണ്ടായിരുന്നു. എന്തിന്റെയൊക്കെയോ ഇലകൾ അതിനു ചുറ്റും വീ